അബ്രഹാമിൻ്റെ വംശം, ലേവിയുടെ ഗോത്രം, പത്രോസിൻ്റെ സിംഹാസനം. പിന്നെ ഫ്രാൻസിസ് മാർപ്പാപ്പയുടെ മതവും മതവും!

അബ്രഹാമിൻ്റെ വംശം, ലേവിയുടെ ഗോത്രം, പത്രോസിൻ്റെ സിംഹാസനം. പിന്നെ ഫ്രാൻസിസ് മാർപ്പാപ്പയുടെ മതവും മതവും!
Apr 22, 2025 01:54 PM | By PointViews Editr

          2014 ജനുവരി 29 ന് റോമിലെ ബോർഗോ പിയോയിലെ ഒരു തെരുവിലുള്ള പഴയ കെട്ടിടത്തിൻ്റെ ഭിത്തിയിൽ സൂപ്പർ പോപ്പ് എന്ന ഒരു കാർട്ടൂൺ ചിത്രം പ്രത്യക്ഷപ്പെട്ടു. സൂപ്പർ മാനേ പോലെ മുഷ്ടികൾ ചുരുട്ടി ആകാശത്തേക്ക് കുതിച്ചുയരുന്ന ഫ്രാൻസിസ് പാപ്പായുടെ കാർട്ടൂണായിരുന്നു അത്. വലതു കൈ മുഷ്ടി ചുരുട്ടി ഉയർത്തിപ്പിടിച്ചും ഇടതു കൈയിൽ പതിവുള്ള കറുത്ത ചെറിയ ബാഗ് തൂക്കിപ്പിടിച്ചും പോപ്പ് ഫ്രാൻസിസ് ആകാശത്തിലേക്കു കുതിച്ചുയരുന്നതായിരുന്നു ആ കാർട്ടൂൺ. ഇറ്റലിയിലെ തെരുവുകളിൽ ചിത്രങ്ങൾ വരച്ചു ഉപജീവനം നയിക്കുന്ന മൗറോ പല്ലോട്ട എന്ന ചിത്രകാരനാണ് ആ കാർട്ടൂൺ വരച്ചതെന്ന് പിന്നീട് കണ്ടെത്തി. ചിത്രത്തിൽ പോപ്പ് ഫ്രാൻസിസ് പിടച്ചിട്ടുള്ള ബാഗിൽvalores എന്ന് സ്പാനിഷ് ഭാഷയിൽ എഴുതിയിരുന്നു. ആ വാക്കിൻ്റെ ഏകദേശ അർഥം - Courage ( ധീരത ) എന്നാണ്. മറ്റൊരർത്ഥം heroism എന്നാണ്. തെരുവിൽ ചിത്രം വരച്ച് ഉപജീവനം കഴിക്കുന്ന ഒരു ദരിദ്ര ചിത്രകാരന് മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് 10 മാസം പോലും തികയുന്നതിന് മുൻപ് എന്ത് ഹീറോയിസവും ധീരതയുമാണ് ഫ്രാൻസിസിൻ കണ്ടെത്താൻ കഴിഞ്ഞത്? അതും 10 മാസങ്ങൾക്ക് മുൻപ് വരെ ഹോർഹേമാരിയോ ബർഗോളിയോ എന്ന് മാത്രം വിളിക്കപ്പെട്ടിരുന്ന, അധികമാരാലും അറിയപ്പെട്ടിട്ടില്ലാത്ത, അർജൻ്റീനയിലെ ബ്യൂണസ് അയേഴ്സിലെ ഒരു ആർച്ച് ബിഷപ്പിനെ. അതും നൂറു കണക്കിന് ബിഷപ്പ് മാരിൽ ഒരാൾ മാത്രമായ ഹോർഹേയെ, പതിനായിരക്കണക്കിന് പുരോഹിതൻമാരിൽ ഒരാൾ മാത്രമായിരുന്ന ഒരു പുരോഹിതനെ?

അതിനുത്തരമാണ് ഈ ബൈബിൾ വചനം - "ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്‌ഥാപിക്കും. നരക കവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല."

(മത്തായി 16 : 18).

നരകകവാടങ്ങളെ തകർക്കാൻ കഴിവുള്ളവനാണ് ഫ്രാൻസിസ് എന്ന് പേര് സ്വീകരിച്ച്, വിശുദ്ധ പത്രോസിൻ്റെ സിംഹാസനത്തിലിരിക്കാൻ വന്നിട്ടുള്ളതെന്ന് തെരുവിലെ ഒരു പാവം ചിത്രകാരൻ്റെ അന്തക്കരണം തോന്നിപ്പിച്ചെങ്കിൻ ആ ഹോർഹെയിൽ ആഫ്രാൻസിസിൽ എന്തോ ചില പ്രത്യേകതകൾ ഉണ്ടായിരുന്നു എന്ന് വ്യക്തം. ഒരു തെറ്റുവുതെണ്ടിക്കും ഒരു രാഷ്ട്രത്തലവനും ഒരേ സമയം ഒരേ ചിന്ത ജനിക്കുന്നെങ്കിൽ വന്നിരിക്കുന്നവൻ സംതിങ് സ്പെഷൽ ആണ് എന്ന് വ്യക്തം. വ്യക്തിപരമായും ആഗോള പരമായും ഒരേ പോലെ ചിന്തിപ്പിക്കാൻ കഴിയുന്ന എന്തോ ഒന്ന് അയാളിലുണ്ട്. അതിനുള്ള കാരണം തിരഞ്ഞു പോയാൽ ആ ചിത്രം പിറക്കുന്നതിനും 2 മാസം മുൻപ് ഉണ്ടായ രണ്ട് സംഭവങ്ങൾ ശ്രദ്ധിക്കേണ്ടതായി വരും. അതിൽ ഒന്ന് 2013 നവംബർ 6 ന് വത്തിക്കാനിലെ പൊതുസമ്മേളത്തിലേക്കെത്തിയ വിനിഷ്യോ റിവ എന്ന മനുഷ്യനിലേക്ക് എത്തും. മറ്റൊന്ന് നവംബർ 20ന് മാർപ്പാപ്പ നേരിൽ കണ്ട, ദീർഘകാലം ഐഡൻ്റിറ്റി വെളിപ്പെടാത്ത മുഖമില്ലാത്ത ഒരു മനുഷ്യനുമായുള്ളതാണ്.

വിനിഷ്യോ റിവയുടെ ശരീരമാകെ മുഴകളാണ്. മുഖവും കണ്ണുകളും വരെ മുഴകൾ ബാധിച്ച് വികൃതവും മറ്റുള്ളവർക്ക് തൊടാൻ പോലും മടി തോന്നിപ്പിക്കുന്നതുമായിരുന്നു. മാർപ്പാപ്പയെ കാണണം എന്ന ആഗ്രഹം കൊണ്ട് പല സുമനസുകളുടെയും സഹായത്തോടെ, ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുന്ന ജനറൽ ഓഡിയൻസിന് വിനിഷ്യോ എത്തി. ദൂരെ നിന്ന് ഒരു നോക്ക് കാണാം. അത്രേ ഉള്ളൂ, അതേ നടക്കൂ, അത് മതി എന്നയാൾ കരുതി. എന്നാൽ ആ ജനക്കൂട്ടത്തിനിടയിൽ നിന്ന് മാർപ്പാപ്പയെ കുറച്ചൊക്കെ അടുത്ത് കാണാൻ കഴിയുന്നവരുടെ ഇടയിലേക്ക് അയാൾ മാറ്റപ്പെട്ടു. അയാൾ പ്രതീക്ഷിച്ചതിലും കൂടുതൽ സമീപത്തുകൂടി മാർപ്പാപ്പ കടന്നു പോയി. പക്ഷെ എല്ലാ പ്രതീക്ഷകളേയും തെറ്റിച്ച് മാർപ്പാപ്പ നേരേ വിനിഷ്യോയുടെ അടുത്തെത്തി. അത്ഭുതവും അപകർഷതാബോധവും ഭാഗ്യവും എല്ലാം അണപൊട്ടി അയാൾ വിതുമ്പിക്കരഞ്ഞു. മറ്റുള്ളവർ അകന്നു നിന്നിരുന്ന അയാളുടെ അടുത്തേക്ക് ഫ്രാൻസിസ് പാപ്പാ അടുത്ത് ചെന്ന് അയാളുടെ കൈകളിൽ പിടിച്ചു. അപ്പോഴേക്കും അയാളുടെ നിയന്ത്രണം നഷ്ട്ടപ്പെട്ട് മാർപ്പാപ്പയുടെ കൈകളിൽ മുറുകെ പിടിച്ച് പൊട്ടിക്കരഞ്ഞു. സകലരുടേയും കണ്ണു നിറയ്ക്കുന്നതായിരുന്നു അടുത്ത കാഴ്ച. മാർപ്പാപ്പ കുനിഞ്ഞ് വിനിഷ്യോയ കെട്ടിപ്പിടിച്ച് തൻ്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു. മുഴകൾ കൊണ്ട് നിറഞ്ഞ വിനിഷ്യോയുടെ തലയിലും പുറത്തും തലോടി. ചിരിച്ചു കൊണ്ട് വിനിഷ്യോയുടെ ചെവിയിൽ എന്തൊക്കെയോ മാർപ്പാപ്പ പറഞ്ഞു കൊണ്ടിരുന്നു. എന്താണതെന്ന് ആർക്കുമറിയില്ല. സെക്കൻ്റുകൾക്ക് വിലയുള്ള ആ തിരക്കുള്ള ദിനത്തിൽ ലക്ഷത്തോളം പേർ കാത്തു നിൽക്കെ ഫ്രാൻസിസ് മാർപ്പാപ്പ ഏഴ് മിനിട്ടിലധികം വിനിഷ്യോയെയും കെട്ടിപ്പിടിച്ചു നിന്നു.


പല്ലോട്ടി ചുമ്മാതല്ല സൂപ്പർ പോപ്പ് എന്ന കാർട്ടൂൺ വരച്ചത് എന്ന് വ്യക്തം.


      മാധ്യമങ്ങളിലെല്ലാം ഫ്രാൻസിസ് പാപ്പായുടെ പ്രത്യേകതകൾ വിളമ്പുന്ന കാഴ്ചയാണ് എങ്ങും. അവയെല്ലാം പതിവ് അനുശോചന പദങ്ങളുടെ വാല് പിടിച്ചുള്ള വാചാടോപങ്ങൾ മാത്രമായി ഒതുങ്ങുന്നവയാണ്. പാവങ്ങളുടെ പാപ്പാ, പാർശ്വവൽക്കരിക്കപ്പെട്ടവരേ ചേർത്തുനിർത്തിയ പാപ്പാ, യുദ്ധങ്ങൾക്കെതിരെ നിലപാടെടുത്ത പാപ്പാ, സഭയിൽ പരിഷ്കരണങ്ങൾ വരുത്തിയ പാപ്പാ, കമ്യൂണിസത്തെ അംഗീകരിച്ച, ട്രാൻസ്ജെൻഡറുകളെ ചേർത്ത് നിർത്തിയ, സ്ത്രീകളേയും കുട്ടികളേയും രോഗികളേയും അഭയാർത്ഥികളേയും മുഖ്യധാരയിൽ ചേർത്തുനിർത്തിയ തുടങ്ങിയ വിശദീകരണങ്ങളും അലങ്കാരങ്ങളും ഒക്കെയാണ് എല്ലാവരും എടുത്ത് പ്രയോഗിക്കുന്നത്. സഭയുടെ പരമ്പരാഗത വിശ്വാസ പഠനങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമായി പോലും നിലപാട് സ്വീകരിച്ചു എന്നൊക്കെ ചിലർ തട്ടി മൂളിക്കുന്നത് കേട്ടു. യാഥാസ്ഥിതികതയുടെ കോട്ടകൾ തകർത്തു എന്നും ശാസ്ത്രത്തേയും യുക്തി വാദങ്ങളേയും ഒക്കെ അംഗീകരിച്ചു എന്നും ഒക്കെ വിപ്ലവകരമായി മുഖം നൽകിയും അവർ ഫ്രാൻസിസ് മാർപ്പാപ്പയെ പുഴ്ത്തുകയാണ്. എല്ലാവർക്കും അവർ വ്യാഖ്യാനിക്കുന്ന വിധത്തിലുള്ള പുരോഗമനവാദിയായ മാർപ്പാപ്പ തന്നെയായിരുന്നു ഫ്രാൻസിസ് എന്നത് സത്യമാണ്. പക്ഷെ ഞാനിവിടെ കുറിക്കുന്ന ഫ്രാൻസിസ് മാർപ്പാപ്പ തനി പാരമ്പര്യവാദിയായ, ഒന്നാം തരം യാഥാസ്ഥിതികനായ ഒരു മാർപ്പാപ്പയെ ആണ്. വിശ്വാസ സത്യങ്ങളോടും സഭാപാരമ്പര്യത്തോടും അതിയായ കൂറുപുലർത്തുകയും അതിനനുസരിച്ച് മാത്രം നിലപാടുകൾ എടുക്കുകയും ചെയ്ത ഒന്നാം തരം യാഥാസ്ഥികൻ! ക്രിസ്തു വിശ്വാസിക പറയുന്നത് വിശ്വാസത്തിൽ അവർ അബ്രഹമിൻ്റെ വംശവും ദൈവാരാധനയിൽ അവർ ലേവിയുടെ ഗോത്രവും ആണെന്നാണ്. പത്രോസിൻ്റെ സിംഹാസനമാണ് മാർപാപ്പായുടെ പദവിയെന്നും.


എന്തുകൊണ്ട്?ക്രിസ്തു പാപികളേ തേടി വരികയും അവരെ മനപരിവർത്തനത്തിലൂടെ നന്മയിലേക്കും സത്യത്തിലേക്കും നീതിയിലേക്കും സ്നേഹത്തോടെ നല്ല മനുഷ്യത്തത്തിലേക്ക് നയിക്കുകയും ചെയ്തു എന്നതാണ് സുവിശേഷം. ആ ക്രിസ്തു സ്ഥാപിച്ച സഭയുടെ പാരമ്പര്യവും നടപടികളും ക്രിസ്തു നടപ്പിലാക്കിയതും നിർദ്ദേശിച്ചതുമായ കാര്യങ്ങൾ തുടരുകയും പിൻതുടരുകയും എന്നതാണ്. അത് തലമുറകളോളം തുടരുക എന്നതാണ് പാരമ്പര്യമായി മാറുന്നത്. ആ പാരമ്പര്യത്തിൽ അടിയുറച്ച് നിൽക്കുകയും അവ നടപ്പിലാക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുന്നതാണ് യാഥാസ്ഥിതികമെന്ന വാക്കിനർത്ഥം. അപ്പോൾ ഫ്രാൻസിസ് മാർപ്പാപ്പ ചെയ്തതൊന്നും പുരോഗമ പരിഷ്കരണ നടപടികൾ ആയിരുന്നില്ല, മറിച്ച് 20 നൂറ്റാണ്ടുകൾക്ക് മുൻപ് ക്രിസ്തു പറഞ്ഞു വച്ച മനുഷ്യത്വവും അതിൻ്റെ ദൈവീകതയുമെന്ന യാഥാസ്ഥിതികത കടുത്ത രീതിയിൽ പിന്തുടരുകയുമാണ് ഫ്രാൻസിസ് മാർപ്പാപ്പ ചെയ്തത്. അത് ആധുനിക സമൂഹത്തിന് പരിഷ്കരണമോ പുരോഗമന വാദമോ ആയി തോന്നുന്നത് ഈ കാലഘട്ടത്തിലെ പരിഷ്കൃതരെന്ന് അഭിമാനിക്കുന്നവർക്ക് ക്രിസ്തു പറഞ്ഞു വച്ച സ്നേഹം, ത്യാഗം, സേവനം, സത്യം, നീതി, ധാർമികത എന്നിവയെ പറ്റിയും മനുഷ്യത്വമെന്നതിനെപ്പറ്റിയും അറിവും വിവരവും ബോധ്യവും ഇല്ലാത്തതുകൊണ്ടാണ്. തങ്ങൾക്ക് അറിവില്ലാത്ത ഒരു കാര്യം ഒരാൾ ചെയ്യുകയും അത് തങ്ങൾക്ക് ഇഷ്ടപ്പെടുകയും അതിനോട് താൽപര്യതോന്നുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന സുഖം തങ്ങളുടെ കാലഘട്ടത്തിൻ്റെ പതിവുകൾക്ക് വിരുദ്ധമോ വ്യത്യസ്ഥതയോ ഉണ്ടാക്കുന്നതെങ്കിൽ അതിനെ പരിഷ്കാരമെന്നോ, വിപ്ളവമെന്നോ തിരുത്തൽ വാദമെന്നോ, മാറ്റമെന്നോ ഒക്കെ വിശേഷിപ്പിക്കുകയാണ് എല്ലാവരും ചെയ്യുന്നത്. പക്ഷെ ആ പരിഷ്കരണ പ്രവൃത്തി ചെയ്ത വ്യക്തി പിൻതുടരുന്ന പാരമ്പര്യം അയാളുടെ യാഥാസ്ഥിതികതയാണ്.അപ്പോൾ ഫ്രാൻസിസ് ചെയ്തതൊക്കെ ക്രിസ്തുവിൻ്റെ പാരമ്പര്യമാണ്, ക്രിസ്തുമതത്തിൻ്റെ യഥാസ്ഥിതിക പ്രമാണങ്ങൾക്ക് അനുസരിച്ചു മാത്രമാണ്. ക്രിസ്തുവിൻ്റെയും ക്രിസ്തുമതത്തിൻ്റെയും പാരമ്പര്യവും യാഥാസ്ഥിതികതയും മുഴുവനായി സ്നേഹത്തിലും സത്യത്തിലും നീതിയിലും ധാർമികതയിലും സാഹോദര്യത്തിലും ക്ഷമയിലും പരിഗണനയിലും അവയെല്ലാം ചേർന്ന മനുഷ്യത്വത്തിലും അതിൻ്റെ ദൈവീകതയിലും അടിയുറച്ചതാണ്. അതാണ് ഫ്രാൻസിസ് മാർപ്പാപ്പ പിൻതുടർന്നത്. അവനല്ലതായും നന്മയായും ഈ തലമുറയ്ക്ക് തോന്നിയെങ്കിൽ ഫ്രാൻസിസ് മാർപ്പാപ്പ ഒന്നാം തരം യാഥാസ്ഥിതിക ക്രിസ്ത്യാനി തന്നെയായിരുന്നു.


അപ്പോൾ പിന്നെന്താണ് ഫ്രാൻസിസ് മാർപ്പാപ്പയെ വ്യത്യസ്തനാക്കുന്നത്?

എല്ലാവരും ഒഴുകി താഴേക്ക് പോകുമ്പോൾ ഒരാൾ തിരികെ മുകളിലേക്ക് നീന്തുകയും പിന്നാലെ ഒഴുകി വരുന്നവരെ തൻ്റെ വിരിച്ചു പിടിച്ച കൈകൾ കൊണ്ട് തടഞ്ഞു നിർത്തിയ ശേഷം ആ വിരിഞ്ഞ കൈകളിൽ പിടി കിട്ടിയവരെയും ചേർത്ത് ഒഴുക്കിനെതിരെ പിന്നേയും നീന്തുകയും ചെയ്യുന്ന ജോലിണ് ഫ്രാൻസിസ് മാർപാപ്പ ചെയ്തത്. അതാണ് ഫ്രാൻസിസ് മാർപാപ്പ ചെയ്തതും. ആമോസ് പ്രവാചകൻ്റെ പുസ്തകത്തിൽ പറയുന്ന ഒരു പ്രവചനമുണ്ട് - "നീതി ജലം പോലെ ഒഴുകട്ടെ, സത്യം വറ്റാത്ത നീരുറവ പോലെയും" എന്ന്. ആ പ്രവചന സാക്ഷാത്കാരത്തിൻ്റെ സാധ്യതയാണ് ഫ്രാൻസിസ് പാപ്പാ സാധ്യമാക്കിയത്.


കഴിഞ്ഞ അര പതിറ്റാണ്ടായി പ്രതിവർഷം 1 കോടി പേർ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നുണ്ട് എന്നാണ് കണക്ക്. ഈ ഈസ്റ്റർ ദിനത്തിൽ പാരിസിൽ മാത്രം 10000 ൽ അധികം പേർ ക്രിസ്തു വിശ്വാസം സ്വീകരിച്ചു എന്നാണ് കണക്ക്. തമ്മിലടിക്കുന്ന ക്രിസ്തു സഭകൾ നിലനിൽക്കുമ്പോഴും കത്തോലിക്കാ സഭയുടെ മാത്രം വളർച്ചയായി ഇതിനെ കാണാനാകില്ല. ലോക ക്രൈസ്തവ വിശ്വാസികളുടെ 40 ശതമാനത്തിന് മുകളിൽ കത്തോലിക്കരാണുളളത്. ബാക്കി 60 ശതമാനത്തിനടുത്ത് വിശ്വാസികൾ കത്തോലിക്കാ ഇതര സഭകളിൽ പെട്ടവരുമാണ്. ലോകത്ത് പ്രധാനമായും ആറ് ക്രൈസ്തവ സഭകളാണുള്ളത്. എന്നാൽ അതേ സമയം 45,000 ക്രൈസ്തവ സഭാ വിഭാഗങ്ങളുണ്ട്! ഈ സഭകളിലെല്ലാം വിശ്വാസികൾ വർധിച്ചുവരികയും പോപ്പ് അവരുടെയെല്ലാം ആത്മീയ നായകത്വത്തിലേക്ക് എത്തുകയും ചെയ്യുന്ന കാഴ്ചയാണ് ഫ്രാൻസിസ് മാർപ്പാപ്പയിലൂടെ കണ്ടത്.


വ്യക്തി പ്രഭാവം സൃഷ്ടിക്കപ്പെടുന്നത് ഒരു വ്യക്തിയുടെ സാമൂഹിക ബോധ്യത്തിൻ്റെ പ്രാവർത്തികതയിലൂടെയാണ്. ഫ്രാൻസിസ് മാർപ്പാപ്പയുടെ മുഖത്ത് വിരിയുന്ന ചിരിയും ഗൗരവവും വരെ മനപരിവർത്തനം സൃഷ്ടിക്കുന്നതാണ്. സൈക്കോളജിക്കലി 135 ശതമാനം സമ്പൂർണത സൃഷ്ടിക്കുന്നതാണ് ഫ്രാൻസിസ് പാപ്പായുടെ ചലനങ്ങൾ പോലും. ഒരു നോട്ടം, ഒരു സ്പർശനം, ഒരു വാക്ക്, ഇവയിൽ ഏതെങ്കിലും കൊണ്ട് മറ്റൊരുവനിൽ മനുഷ്യത്വമോ നന്മയോ സാഹോദര്യമോ കരുണയോ സൃഷ്ടിക്കാനും മനപരിവർത്തനത്തിന് വഴി തുറക്കാനും കഴിയുന്നതായിരുന്നു ഫ്രാൻസിസ് പാപ്പായുടെ ജീവിതം. സാധാരണക്കാർ പറയുന്ന പോസിറ്റീവ് എനർജി ഫീൽ ചെയ്യുക എന്ന അവസ്ഥ സൃഷ്ടിക്കും. കാന്തികവലയം, ഓറ, വ്യക്തി പ്രഭാവലയം എന്നൊക്കെ പറയുന്ന ഒരവസ്ഥ ആ സാന്നിധ്യം സൃഷ്ടിക്കും. ഫ്രാൻസിസ് പാപ്പയുടെ ചിത്രങ്ങൾക്കും ചലന ദൃശ്യങ്ങൾക്കും വരെ അത്തരം പ്രഭാവലയം സൃഷ്ടിക്കാൻ കഴിഞ്ഞു.


ഒരു കുഞ്ഞു കാറിലായിരന്നു പാപ്പയുടെ യാത്ര. ആഡംബരങ്ങൾ ഉപേക്ഷിക്കുന്നതിൻ്റെ ഭാഗമായി മാർപ്പാപ്പയുടെ വില കൂടിയ വാഹനം ഉപയോഗിക്കാതെ 1970 കളിലെ മോഡലിലുള്ള ഒരു കൊച്ചു കാറിലാണ് യാത്ര ചെയ്തിരുന്നത്. അതാകട്ടെ, വിശ്രമജീവിതം നയിച്ചിരുന്ന ഒരു വയോധികനായ് പുരോഹിതൻ സമ്മാനമായി കൊടുത്ത കാർ! സുരക്ഷ വളരെ കുറവ്. ആരോ പറഞ്ഞിട്ട് ആരോ കൊടുക്കുന്ന സുരക്ഷ പോലെ!

ജയിലിലെത്തി തടവുകാരോട് സംസാരിച്ചിരുന്ന, അഗതിമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും അനാഥാലയങ്ങളിലും പതിവായി പോയിരുന്ന, അഭയാർത്ഥികൾക്കും തെരുവു ജന്മങ്ങൾക്കും സ്വന്തം അതിഥിമന്ദിരം തുറന്നു കൊടുത്ത, സമൂഹം അറപ്പോടും വെറുപ്പോടും വീക്ഷിച്ചിരുന്നവരെ ചേർത്ത് പിടിച്ച് നന്മയിലേക്ക് നയിച്ച, എന്ത് തീരുമാനമെടുക്കും മുൻപ് മുൻഗാമിയായിരുന്ന ബനഡിക്ട് 16 മൻ മാർപ്പാപ്പയെ പോയി കണ്ട് ചർച്ച ചെയ്തിരുന്ന പോപ്പ് ഫ്രാൻസിസിനെ മനസ്സിൻ ഒന്ന് സങ്കൽപിച്ചു നോക്കൂ.


ഫ്രാൻസിസ് പാപ്പായുടെ മതവും മതവും.!


മതം എന്നത് ജീവിതചര്യയും അനുഷ്ഠാനങ്ങളുമാണ്. അതേ സമയം മതം എന്നാൽ ഒരാൾ പറയുന്ന അഭിപ്രായവും കാഴ്ചപ്പാടും കൂടിയാണ്. ഫ്രാൻസിസ് മാർപ്പാപ്പയുടെ മതവും മതവും ഒന്നായിരുന്നു. ക്രിസ്തുമതം എന്നത് സ്നേഹത്തിലും സാഹോദര്യത്തിലും സത്യത്തിലും നീതിയിലും, ക്ഷമയിലും സഹനത്തിലും ത്യാഗത്തിലും അധിഷ്ഠിതവും ഏക സത്യ ദൈവത്തെ പിതൃ പുത്ര ബന്ധത്തോടെ പിന്തുടരുന്നതുമാണ്. ദൈവത്തെ പിതൃ പുത്ര ബന്ധത്തിലെന്നത് പോലെ സ്നേഹിക്കുന്നതാണ് ക്രിസ്തുമത പ്രമാണം. ദൈവത്തെ മനുഷ്യൻ പിതാവേ എന്ന് വിളിക്കണമെന്നും ദൈവം മനുഷ്യരെ മക്കളായാണ് പരിഗണിക്കുന്നതെന്നും ക്രിസ്തുമതം പഠിപ്പിക്കുന്നു. അപ്പോൾ ഒരേ പിതാവിൻ്റെ മകളായ മനുഷ്യരെല്ലാം സഹോദരങ്ങളാണെന്നും ഒരാൾ സ്വയം തന്നെത്തന്നെ സ്നേഹിക്കുന്നത് പോലെ മറ്റു മനുഷ്യരേയും സ്നേഹിക്കണമെന്നും ക്രിസ്തു നിർദ്ദേശിച്ചിരുന്നു.. ആ പാരമ്പര്യമാണ്, ആ യാഥാസ്ഥിതിക സ്നേഹമാണ് ഫ്രാൻസിസ് എന്ന പേരിനോട് ചേർത്ത് ഹോർഹെ മാരിയോ ബർഗോളിയോ പ്രവർത്തിപഥത്തിൽ എത്തിച്ചത്. കത്തോലിക്കാ വിശ്വാസത്തിലെ പാരമ്പര്യ ആചാരാനുഷ്ഠാനങ്ങളെ ശുദ്ധതയോടെ പിന്തുടരണമെന്ന് നിർബന്ധവും ഫ്രാൻസിസ് മാർപാപ്പയ്ക്കുണ്ടായിരുന്നു. അതിൽ നിർബന്ധബുദ്ധിയും ഉണ്ടായിരുന്നു. മറ്റ് സഭകൾ പോലും അംഗീകരിച്ച ആ യഥാസ്ഥിതിക പാരമ്പര്യവാദത്തെ അനുസരിക്കാത്ത വൃത്തികെട്ടവൻമാരായി ലോകത്തിന് മുന്നിൽ നാണംകെട്ട് നിൽക്കുന്ന ഒരേയൊരു കൂട്ടരുള്ളത് സിറോ മലബാർ സഭയുടെ കേരളത്തിലുള്ള അങ്കമാലി- എറണാകുളം രൂപതയിലെ കുറച്ചു പേരാണ്. അവരോടും ക്ഷമ കാണിക്കുന്ന നിലപാടാണ് പാപ്പാ സ്വീകരിച്ചത്. അതു കൊണ്ട് ശിക്ഷാ നടപടികളൊന്നും അദ്ദേഹം സ്വീകരിച്ചില്ല. അതിനെ തങ്ങളുടെ ശക്തിയുടെ കഴിവായി വ്യാഖ്യാനിച്ച് ധിക്കാരത്തോടെ തുടരുകയാണ് അവർ.


ക്രിസ്തുവിനെ ജീവിതപാതയിലാകെ വിശ്വാസത്തിൻ്റെ യാഥാസ്ഥിതിക ബുദ്ധിയോടെ പിന്തുടർന്ന, പിതാവായ ദൈവം മെനഞ്ഞെടുത്ത ദൈവമനുഷ്യരുടെ രൂപവും സ്വഭാവവും പിന്തുടർന്ന ഹോർഹെമാരിയോ ബർഗോളിയോ ഇഹത്തോട് വിടവാങ്ങുമ്പോൾ നിറയുകയാണ് ലോക മനസാക്ഷിയുടെ കണ്ണുകൾ. എന്തൊരു പ്രഭ നിറഞ്ഞ മുഖമായിരുന്നു അയാളുടേത് ! എന്തൊരു കാന്തികതയായിരുന്നു ആ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്ക് ! എത്ര മാന്ത്രികതയുള്ള നോട്ടമായിരുന്നു ആ കണ്ണുകളുടേത് ! എത്ര മധുരതരമായിരുന്നു ആ വാക്കുകൾ! എത്ര ലളിതമായിരുന്നു ആ നിലപാടുകൾ! എത്രയോ മനുഷ്യർക്ക് ഉൾപ്രേരകമായിരുന്നു ആ ജീവിതം!

മതം എന്നത് മനുഷ്യത്വം സംരക്ഷിക്കാനുള്ളതാണ്. മനുഷ്യൻ്റെ ജീവനും ജീവിതവും സന്തോഷകരമാക്കാനുള്ളതാണ്. ധർമ്മം സംസ്ഥാപിക്കാൻ അധർമവും അക്രമവും കൊലപാതകവും യുദ്ധവും നടത്തണമെന്ന് വന്നാൽ മതം ഒരു കൊള്ളസംഘമാകും എന്ന് പറഞ്ഞു വച്ചാണ് ലോകത്തിലെ യുദ്ധങ്ങൾക്കെല്ലാമെതിരെ ഫ്രാൻസിസ് പാപ്പാ നിലപാടെടുത്തത്. ഒരു മതം എന്നാൽ അത് മനുഷ്യർക്കെല്ലാം സമാധാനവും സന്തോഷവും പകരുന്നതാകണം. ആദ്ധ്യാത്മികതയല്ല ആത്മീയതയാണ് ദൈവ വിശ്വാസമെന്ന് പഠിപ്പിച്ചു അദ്ദേഹം.

ഒടുവിൽ ഏപ്രിൽ 20ന് ഒടുവിലെ ഈസ്റ്റർ ദിനത്തിൽ സെൻ്റ് പീറ്റേഴ്സ് ബസ് ലിക്കയോട് ചേർന്നുള്ള പോപ്പിൻ്റെ ജനാല തുറന്നു വച്ച് അദ്ദേഹം തൻ്റെ അവസാനത്തെ ഉർബി എത് ഒർബി ( നഗരത്തോടും ലോകത്തോടുമായി) സന്ദേശം പറഞ്ഞു. - "നിങ്ങൾക്ക് സമാധാനം" 

 /ജോയ് ജോസഫ്/

The lineage of Abraham, the tribe of Levi, the throne of Peter. And the religion and creed of Pope Francis!

Related Stories
കാട്ടു കള്ളൻമാരുടെ ചാനലുകളും ബിജെപി- സിപിഎം സഖ്യവും ചേർന്ന് കെപിസിസി പ്രസിഡൻ്റിനെ മാറ്റാൻ നടക്കുമ്പോൾ ഒറ്റയാനെ പോലൊരു പ്രസിഡൻ്റിനെ കോൺഗ്രസിന് വേണം

Apr 14, 2025 09:18 PM

കാട്ടു കള്ളൻമാരുടെ ചാനലുകളും ബിജെപി- സിപിഎം സഖ്യവും ചേർന്ന് കെപിസിസി പ്രസിഡൻ്റിനെ മാറ്റാൻ നടക്കുമ്പോൾ ഒറ്റയാനെ പോലൊരു പ്രസിഡൻ്റിനെ കോൺഗ്രസിന് വേണം

കാട്ടു കള്ളൻമാരുടെ ചാനലുകളും ബിജെപി- സിപിഎം സഖ്യവും ചേർന്ന് കെപിസിസി പ്രസിഡൻ്റിനെ മാറ്റാൻ നടക്കുമ്പോൾ ഒറ്റയാനെ പോലൊരു പ്രസിഡൻ്റിനെ കോൺഗ്രസിന്...

Read More >>
അടുത്ത കെപിസിസി പ്രസിഡൻ്റാര്? തീരുമാനിക്കുന്നത് മരക്കള്ളൻ മാധ്യമങ്ങളോ?

Apr 12, 2025 09:25 PM

അടുത്ത കെപിസിസി പ്രസിഡൻ്റാര്? തീരുമാനിക്കുന്നത് മരക്കള്ളൻ മാധ്യമങ്ങളോ?

അടുത്ത കെപിസിസി പ്രസിഡൻ്റാര്? തീരുമാനിക്കുന്നത് മരക്കള്ളൻ...

Read More >>
ജപ്തി ലേലങ്ങൾ നാടിനെ കൊല്ലുന്നുവോ?

Apr 2, 2025 02:17 PM

ജപ്തി ലേലങ്ങൾ നാടിനെ കൊല്ലുന്നുവോ?

ജപ്തി ലേലങ്ങൾ നാടിനെ...

Read More >>
ഇന്ന് വനദിനം! വനമൊരു വരം പക്ഷെ വനം വകുപ്പ് കേരളത്തിൽ ഒരു ഭീഷണി..

Mar 21, 2025 02:48 PM

ഇന്ന് വനദിനം! വനമൊരു വരം പക്ഷെ വനം വകുപ്പ് കേരളത്തിൽ ഒരു ഭീഷണി..

ഇന്ന് വനദിനം! വനമൊരു വരം പക്ഷെ വനം വകുപ്പ് കേരളത്തിൽ ഒരു...

Read More >>
ജി കാർത്തികേയൻ എന്ന തിരുത്തരവാദി ചെയ്തതെന്ത് എന്ന് കോൺഗ്രസിനെ ഓർമിപ്പിച്ച് ഹരിമോഹൻ. കുറിപ്പ് കോൺഗ്രസ് രാഷ്ട്രീയത്തിൽ ചർച്ചയാകുന്നു.

Mar 8, 2025 08:25 AM

ജി കാർത്തികേയൻ എന്ന തിരുത്തരവാദി ചെയ്തതെന്ത് എന്ന് കോൺഗ്രസിനെ ഓർമിപ്പിച്ച് ഹരിമോഹൻ. കുറിപ്പ് കോൺഗ്രസ് രാഷ്ട്രീയത്തിൽ ചർച്ചയാകുന്നു.

ജി കാർത്തികേയൻ എന്ന തിരുത്തരവാദി ചെയ്തതെന്ത് എന്ന് കോൺഗ്രസിനെ ഓർമിപ്പിച്ച് ഹരിമോഹൻ. കുറിപ്പ് കോൺഗ്രസ് രാഷ്ട്രീയത്തിൽ...

Read More >>
അഡ്മിനൊക്കെ ഞമ്മള്, അടിമകളാകാൻ കോൺഗ്രസുകാർ. സോഷ്യൽ മീഡിയ, വാട്സ് ആപ്പ് മാരീചൻമാരുമായി സിപിഎമ്മും ബിജെപിയും.

Feb 20, 2025 01:27 PM

അഡ്മിനൊക്കെ ഞമ്മള്, അടിമകളാകാൻ കോൺഗ്രസുകാർ. സോഷ്യൽ മീഡിയ, വാട്സ് ആപ്പ് മാരീചൻമാരുമായി സിപിഎമ്മും ബിജെപിയും.

അഡ്മിനൊക്കെ ഞമ്മള്, അടിമകളാകാൻ കോൺഗ്രസുകാർ. സോഷ്യൽ മീഡിയ, വാട്സ് ആപ്പ് മാരീചൻമാരുമായി സിപിഎമ്മും...

Read More >>
Top Stories